തിരുവനന്തപുരം: അരുവിക്കരയില്‍ നിലവിലെ എംഎല്‍എ കൂടിയായ കെ.എസ്.ശബരീനാഥന് പരാജയം. എല്‍ഡിഎഫിന്റെ ജി.സ്റ്റീഫനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 4785 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. 30 വര്‍ഷത്തിന് ശേഷമാണ് അരുവിക്കര യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നത്. അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജിയെ എല്‍ഡിഎഫിന്റെ കെ.വി.സുമേഷ് തോല്‍പ്പിച്ചു. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി.വി.അന്‍വര്‍ 2794 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ച വി.വി.പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി.സി.ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11,404 വോട്ടിനാണ് വിജയിച്ചത്.
അതേസമയം, കേരള കോണ്‍ഗ്രസ് എം അഭിമാനപോരാട്ടം കാഴ്ചവച്ച പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടു. എന്‍സിപിയില്‍ നിന്ന് രാജിവച്ച് യുഡിഎഫിനു വേണ്ടി മല്‍സരിച്ച മാണി സി. കാപ്പനോട് പതിനായിരത്തിലേറെ വോട്ടിനാണ് പരാജയം. പണാധിപത്യത്തിന്റെ മേല്‍ ജനാധിപത്യത്തിന്റെ വിജയമാണ് പാലായില്‍ ലഭിച്ചതെന്ന് മാണി സി. കാപ്പന് പറഞ്ഞു. ജോസ് കെ. മാണി ലോക്സഭയില്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് രാജ്യസഭയിലേക്കു മാറിയത്. രാജ്യസഭയില്‍ മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ നിയമസഭയിലേക്കു മാറുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുകയല്ലേയെന്നും കാപ്പന് പറഞ്ഞു.
Comments