തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജി വെച്ച് ഒഴിയില്ലെന്നും മുല്ലപ്പള്ളി അറിയിച്ചു.
അതേസമയം കെപിസിസി അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം കോൺഗ്രസിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയരുന്നുണ്ട്. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ പ്രതിപക്ഷ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല ഒഴിയേണ്ട ആവശ്യം ഇല്ലെന്ന് കോൺഗ്രസ് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനമൊഴിയുമെന്ന സൂചന ചെന്നിത്തല നൽകിയതോടെയാണ് ഐ ഗ്രൂപ്പ് എതിർത്തത്.
കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തോൽവിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കെപിസിസി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന. കോൺഗ്രസ് ദേശീയ നിരീക്ഷക സമിതിയും പരാജയം വിലയിരുത്തും.
Comments