തിരുവനന്തപുരം : കോൺഗ്രസിന്റെ കൂട്ടത്തോൽവിയ്ക്ക് പിന്നാലെ ഹൈക്കമാഡിനെ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തകൾ തള്ളി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പോരാട്ടത്തിൽ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനാകില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിലെന്ന പോലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടേയും പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ സ്വയം മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതിൽ കോൺഗ്രസ് ഹൈക്കമാന്റ് ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന. അസമിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ അവിടുത്തെ പിസിസി പ്രസിഡന്റ് സ്വയം രാജിവെച്ച് ഒഴിഞ്ഞിരുന്നു. മുല്ലപ്പള്ളിയും അത്തരത്തിൽ രാജിവെച്ചേക്കുമെന്നായിരുന്നു വാർത്തകൾ.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃത്വമാറ്റത്തിന്റെ ആവശ്യം പാർട്ടിയ്ക്കുള്ളിൽ ശക്തമായിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള ഒരു ഉറക്കം തൂങ്ങി പ്രസിഡന്റ് എന്തിനാണ് എന്നാണ് കോൺഗ്രസ് പാർലമെന്റംഗം ഹൈബി ഈഡൻ വിമർശിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് നിലവിൽ രംഗത്ത് എത്തിയിരിക്കുന്നത്.
Comments