ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ കൊറോണ രോഗികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. സഹോദരനും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനുമായി ചേർന്ന് ക്രിക്കറ്റ് അക്കാദമി ഓഫ് പഠാൻസിലൂടെയാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുകയെന്നും താരം അറിയിച്ചു. പ്രതിസന്ധി സമയത്ത് രാജ്യത്തെ സഹായിക്കാൻ സാധ്യമാകുന്നവരെല്ലാം മുന്നോട്ടുവരണമെന്നും ഇർഫാൻ പഠാൻ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
വീടുകളിൽ കഴിയുന്ന കൊറോണ രോഗികൾക്കാണ് ഭക്ഷണം എത്തിച്ചു നൽകുക. ഇതിനായി വിളിക്കാനുളള നമ്പരും ട്വിറ്ററിലൂടെ പഠാൻ പങ്കുവെച്ചു. രാജ്യത്ത് കൊറോണ ദുരിത ബാധിതരെ സഹായിക്കാനായി നിരവധി പേരാണ് മുൻപോട്ടു വരുന്നത്. ഐപിഎൽ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. സച്ചിൻ ടെൻഡുൽക്കറും ബിജെപി എംപി കൂടിയായ ഗൗതം ഗംഭീർ ഉൾപ്പെടെയുളള മുൻ ക്രിക്കറ്റ് താരങ്ങളും കൊറോണ പ്രതിസന്ധിയിൽ വിവിധ സഹായങ്ങൾ നൽകിയിരുന്നു.
മാർച്ചിൽ ഇർഫാൻ പഠാനും കൊറോണ പോസിറ്റീവായിരുന്നു. രോഗമുക്തി നേടിയ താരം നിലവിൽ ഐപിഎൽ കമന്ററി പാനലിൽ പ്രവർത്തിച്ചുവരികയായിരുന്നു.
Comments