ഡി.എച്ച്.എ കേന്ദ്രങ്ങൾക്ക് പുറമെ ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളിൽകൂടി സൗജന്യ കൊറോണ വാക്സിൻ വിതരണം ആരംഭിക്കും
നിലവിൽ ദുബായിലെ 30 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലാണ് കൊറോണ വാക്സിൻ സൗജന്യമായി നൽകിവരുന്നത്.ഇതിന് പുറമെയാണ്
17 ആരോഗ്യ സേവന കേന്ദ്രങ്ങൾ വഴി വാക്സിൻ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ആസ്റ്റർ, ബർജീൽ ആശുപത്രികളിൽ ഉൾപ്പെടെ വാക്സിൻ വിതരണം ചെയ്യും.സ്വകാര്യ ആശുപത്രികളിൽനിന്ന് വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നവർ അതാത് ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടണം. സിനോഫാം വാക്സിനാണ് ഇവിടങ്ങളിൽ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.സ്വകാര്യ ആരോഗ്യസംരക്ഷണ ദാതാക്കളുമായി സഹകരിച്ച് കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ വാക്സിൻ ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സ്ഥാപനങ്ങളെ കൂടി വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമാക്കിയതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വാക്സിനേഷൻ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ ഡോ. ഫരീദ അൽ ഖജ അറിയിച്ചു.യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും പുറമെ, എമിറേറ്റ്സ് ഐ.ഡി.യുള്ള ജി.സി.സി. പൗരന്മാർക്കും ദുബായിൽ വാക്സിൻ സൗജന്യമായി ലഭിക്കും. അതോടൊപ്പം മറ്റ് എമിറേറ്റുകളിൽ വിസയുള്ള 60 കഴിഞ്ഞ പ്രവാസികൾക്കും ദുബായിൽ നിന്ന് വാക്സിനെടുക്കാൻ കഴിയുമെന്നും അവർ അറിയിച്ചു. ഡി.എച്ച്.എ. സെന്ററുകളിൽനിന്ന് വാക്സിനെടുക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർചെയ്യണം. 60 വയസ്സിനുമുകളിലുള്ളവർക്ക് 800 342-ലേക്ക് നേരിട്ട് വിളിച്ചും ബുക്ക് ചെയ്യാം. ഫൈസർ, സിനോഫാം വാക്സിനുകളാണ് ഡി.എച്ച്.എ. കേന്ദ്രങ്ങളിൽ ലഭിക്കുക.
Comments