കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി അതിവേഗം ഉയരുന്നതിനിടെ എറണാകുളത്തെ സ്ഥിതി ആശങ്കാജനകമാകുന്നതായി റിപ്പോര്‍ട്ട്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി. കൊച്ചി കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റികളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ചെല്ലാനം പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക് രേഖപ്പെടുത്തിയത്. 56.27 ശതമാനമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 574 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 323 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടമക്കുടി, കുമ്പളങ്ങി, ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, കടുങ്ങല്ലൂര്‍, തുറവൂര്‍, പള്ളിപ്പുറം പഞ്ചായത്തുകളിലും അതിതീവ്ര വ്യാപനം തുടരുകയാണ്. ഇവിടങ്ങളിലെല്ലാം അന്പതിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
മുളവുകാട്, ചേരാനല്ലൂര്‍, വരാപ്പുഴ, ഞാറയ്ക്കല്‍ തുടങ്ങിയ 27 പഞ്ചായത്തുകളിലും നാല്പ്പതിന് മുകളിലാണ് ടിപിആര്‍. ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ 48.08 ശതമാനമാണ് ടിപിആര്‍. കളമശേരി, മരട്, തൃപ്പൂണിത്തുറ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലും കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുള്ളത്. 64,453 പേരാണ് നിലവില്‍ കൊറോണ ബാധിച്ച് ജില്ലയില്‍ ചികിത്സയിലുളളത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏതാനും ദിവസങ്ങളായി മുപ്പതിന് മുകളില്‍ തന്നെ തുടരുകയാണ്.
Comments