മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യാ രഹാനേയും ഭാര്യ രാധികയും കൊറോണ പ്രതിരോധ വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചു. ടീം ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ നാല് മാസം നീണ്ടു നില്ക്കുന്ന വിദേശപര്യടനത്തിന് ഈ മാസം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായാണ് വാക്സിനെടുത്തത്. താരം ട്വിറ്ററിലൂടെയാണ് വാര്‍ത്ത അറിയിച്ചത്.
‘താനും ഭാര്യയും കൊറോണ വാക്സിന്റെ ആദ്യ ഡോസ് സ്വീകരി്ച്ചു. സ്വയം ഞങ്ങളുടെ സുരക്ഷയും അതിനേക്കാളുപരി ഞങ്ങള്ക്കൊപ്പമുള്ളവരുടെ സുരക്ഷയും പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയുന്നു. നിങ്ങള്‍ വാക്സിനെടുക്കാന്‍ യോഗ്യരാണെങ്കില്‍ എത്രയും പെട്ടന്ന് വാക്സിനെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ രഹാനെ ട്വീറ്റ് ചെയ്തു.
ടീം ഇന്ത്യയുടെ ഭാഗമായ ഡല്‍ഹി താരം ശിഖര്‍ ധവാന് ഈ ആഴ്ച വാക്സിനെടുത്തിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ വാക്സിനെടുക്കുമെന്നാണറിവ്. എല്ലാവരും ഐ.പി.എല്‍ മത്സരങ്ങളുടെ ഭാഗമായി സുരക്ഷാ ബബിളിലായിരുന്നതിനാലാണ് വാക്സിനേഷന് എടുക്കാന്‍ വൈകിയത്. കൊറോണ വ്യാപനം കാരണം ഐ.പി.എല്‍ മത്സരങ്ങളും പാതി വഴി നിര്‍ത്തിയിരിക്കുകയാണ്. വരുന്ന സെപ്തംബറില്‍ ഇന്ത്യയിലോ യു.എ.ഇയിലോ ഐ.പി.എല്‍ പൂര്‍ത്തിയാക്കാമെന്നാണ് നിലവിലെ ധാരണ.
Comments