ബെംഗളൂരു ; ബിജെപി എംപി തേജസ്വി സൂര്യയ്ക്കെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി . ബെംഗളൂരു കോര്പറേഷന് പരിധിയിലെ ആശുപത്രികളില്‍ കൊറോണ രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ഉണ്ടെന്ന് ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി .
ചികിത്സാ കേന്ദ്രത്തിലെത്തി വർഗീയത പറഞ്ഞുവെന്നും ,എം.പി ക്കെതിരെ കർശന നടപടി വേണമെന്നുമാണ് യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെടുന്നത് . മുസ്ലീം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി , കർണാടകയിൽ നിന്നുള്ള ദേശീയ സെക്രട്ടറി ഉമർ ഫാറൂഖ് ഇനാംദാർ എന്നിവർ സംയുക്തമായാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിന് പരാതി നൽകിയത്. പരാതിയിൽ തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ നിയമപരമായ മറ്റ് വഴികളിലൂടെയും പോരാട്ടം തുടരുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രസ്താവന.
സ്വകാര്യ ആശുപത്രികളിലെ കൊറോണ രോഗികൾക്കുള്ള കിടക്ക, ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ തേജസ്വി സൂര്യയാണു കഴിഞ്ഞദിവസം പുറത്തുവിട്ടത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംപി) ഓഫിസിലെത്തി ക്ഷോഭിക്കുന്ന വീഡിയോ പുറത്തായതോടെയാണു വിവാദം ആരംഭിച്ചത്. എന്നാല്‍ വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും തനിക്കു നല്കിയ ലിസ്റ്റിലെ പേരുകള്‍ വായിക്കുക മാത്രമാണു ചെയ്തതെന്നും തേജസ്വി സൂര്യ വ്യക്തമാക്കിയിരുന്നു .
Comments