കോറോണയുടെ പശ്ചാത്തലത്തിൽ പരിമിതികളിൽ നിന്നുകൊണ്ടാവും യു.എ.ഇയിൽ ഇത്തവണയും വിശ്വാസികൾ ചെറിയ പെരുന്നാൾ കൊണ്ടാടുക. സാമൂഹികാകലം പാലിച്ചുകൊണ്ടും ഒത്തുചേരലുകളിൽ നിന്നും വിട്ടുനിന്നുകൊണ്ടുമാണ് ഇത്തവണയും പെരുന്നാൾ. ആഘോഷങ്ങളിൽ അധികവും നടക്കുക താമസകേന്ദ്രങ്ങളിൽ തന്നെയാവും. പെരുന്നാൾ അവധിദിനങ്ങളിൽ ആളുകൾ സംഘം ചേർന്നുള്ള ആഘോഷങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങളാണ് അബുദാബി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് കൂടുതലാളുകളെ പങ്കെടുപ്പിച്ച് ഒത്തുചേരലുകളും പാർട്ടികളും നടത്തുന്നവർക്ക് 10,000 ദിർഹമാണ് പിഴ. പങ്കെടുക്കുന്ന ഓരോരുത്തർക്കും 5000 ദിർഹം വീതവും പിഴ ചുമത്തും. അഞ്ചുപേരിലധികം ഒത്തുകൂടിയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹം പിഴയും പങ്കെടുക്കുന്നവർക്ക് 10,000 ദിർഹം വീതം പിഴചുമത്തുമെന്ന് ദുബായ് പോലീസ് അറിയിപ്പുണ്ട്. ജനങ്ങൾ കൊറോണ സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നതിൽ വിമുഖത കാണിക്കരുത്. മുഖാവരണം, കയ്യുറകൾ എന്നിവ ധരിക്കാൻ തയ്യാറാവണം. സാനിറ്റൈസർ ഉപയോഗിക്കണം. താമസകേന്ദ്രങ്ങളിലോ, സ്വകാര്യ ഫാമുകളിലോ പരിപാടികൾ സംഘടിപ്പിക്കരുതെന്നും പോലീസ് ഓർമിപ്പിച്ചു
Comments