ന്യൂഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് 2 ഡിഓക്സി ഡിഗ്ലൂക്കോസ് (2ഡിജി) ജൂണ്‍ പകുതിയോടെ വിപണികളില്‍ ലഭ്യമാക്കുമെന്ന് ഡിആര്‍ഡിഒ ചെയര്മാന് ഡോ.റെഡ്ഡി. വിപണിയില്‍ ലഭ്യമാക്കുന്നതിന് മുന്‍പ് മരുന്നിന്റെ വില നിശ്ചയിക്കേണ്ടതുണ്ട്. രോഗികള്‍ക്ക് വാങ്ങാന്‍ പറ്റുന്ന വില ഈടാക്കിയാകും മരുന്ന് വിപണിയിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേക്കുള്ള ഇവയുടെ വിതരണവും ജൂണ്‍ പകുതിയോടെ ആരംഭിക്കും. അതേസമയം 2ഡിജിയുടെ പേരില്‍ വ്യാജമരുന്ന് വില്‍ക്കുന്ന ഏജന്റുമാരെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്കി.
2ഡിജിയുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. നിലവില്‍ ഡല്‍ഹി എയിംസ്, ആംഡ് ഫോഴ്സസ് ആശുപത്രികള്‍, ഡിആര്‍ഡിഒ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് മരുന്ന് ലഭിക്കുന്നത്. ഒആര്‍എസ് ലായനി പോലെ വെള്ളത്തില്‍ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണിത്. സാധാരണ കൊറോണ ചികിത്സയില്‍ ലഭിക്കുന്ന രോഗമുക്തി രണ്ടര ദിവസം വരെ നേരത്തേയാക്കുന്നുവെന്നതാണു പ്രധാന നേട്ടം. രോഗം ഗുരുതരമായി ബാധിച്ചവര്‍ക്ക് കൃത്രിമമായി വേണ്ടിവരുന്ന ഓക്സിജന്റെ അളവ് 40% വരെ കുറയ്ക്കാനും ഇതുവഴി കഴിയുന്നു. നിലവിലുള്ള കൊറോണ ചികിത്സയ്ക്കൊപ്പം നല്‍കാമെന്നാണ് അടിയന്തര അനുമതി നല്‍കിക്കൊണ്ട് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയത്.
Comments