ന്യൂഡൽഹി: ഇന്ന് വീർ സവർക്കർ ജയന്തി. വിപ്ലവകാരികളുടെ രാജകുമാരന്റെ 138-ാം ജന്മദിനമാണ് രാജ്യം ആചരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുന്നണിപോരാളിയായിരുന്ന വീർ ദാമോദർ സവർക്കറുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ പ്രണാമം അർപ്പിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ടത്തിൽ മഹത്തായ നേതൃത്വം വഹിച്ച ദേശഭക്തനായ വീർ സവർക്കറുടെ ജന്മദിനത്തിൽ നൂറുകോടി പ്രണാമങ്ങൾ അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, അമിത് ഷാ, പ്രകാശ് ജാവ്ദേക്കർ എന്നിവരും ജന്മദിനസന്ദേശം നൽകി.
ഹിന്ദുസമൂഹത്തിന്റെ സാമൂഹ്യഐക്യത്തിനെ മുൻനിർത്തിയായിരുന്നു വീർസവർക്കറുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ പ്രവർത്തനം. ഭരണഘടനയിൽ ഇന്ത്യയുടെ ഹൈന്ദവപാരമ്പര്യത്തിനെ മുൻനിർത്തിയുള്ള അടിസ്ഥാന നിയമനിർമ്മാണം വേണമെന്ന് സവർക്കർ ആവശ്യപ്പെട്ടിരുന്നു.
1883 മെയ് മാസം 28നാണ് മഹാരാഷ്ട്രയിലെ ഭാഗൂരിൽ വീർസവർക്കർ ജനിച്ചത്. ബ്രിട്ടീഷുകാർ രണ്ടു ജീവപര്യന്തം ശിക്ഷ നൽകിയ ഏക വിപ്ലവകാരിയാണ് വീർസവർക്കർ.1966 ഫെബ്രുവരി 26നാണ് സവർക്കർ 83-ാം വയസ്സിൽ അന്തരിച്ചത്.
Comments