ശ്രീനഗർ : സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ ക്യാമ്പിൽ നടന്ന വെടിവെപ്പിൽ കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ജമ്മു കശ്മീരിലെ പുൽവാമയിലാണ് സംഭവം. തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്യാൻ ക്യാമ്പിൽ കൊണ്ടുവന്നപ്പോഴാണ് വെടിവെപ്പുണ്ടായത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. നേരത്തെ തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മുഹമ്മദ് അമിൻ മാലിക്കിനെയാണ് സംശയം തോന്നിയതിന് പിന്നാലെ ചോദ്യം ചെയ്യാൻ പോലീസ് ക്യാമ്പിലെത്തിച്ചത്. എന്നാൽ ഇയാൾ ഉദ്യോഗസ്ഥനിൽ നിന്നും റൈഫിൾ തട്ടിയെടുത്ത് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ ക്യാമ്പിലെ ജനറേറ്റർ റൂമിൽ ഒളിച്ചിരുന്നു.
അംജിദ് ഖാൻ എന്ന പോലീസ് കോൺസ്റ്റബിളിനാണ് വെടിവെപ്പിൽ പരിക്കേറ്റത്. ഉദ്യോഗസ്ഥനെ ഉടൻ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അടിവയറ്റിലാണ് പരിക്കേറ്റത് എന്നാണ് വിവരം.
Comments