ദുബായ് മെട്രോയുടെ റെഡ് ലൈനിലുള്ള ജബൽ അലി സ്റ്റേഷനിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കുള്ള പുതിയ പാതയിലെ 2 മെട്രോ സ്റ്റേഷനുകൾ കൂടി തുറന്നു .ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, എക്സ്പോ2020 സ്റ്റേഷനുകളാണു പുതുതായി ആരംഭിച്ചത്. വിമാനത്താവളത്തോട് കിടപിടിക്കുന്ന അത്യാധുനിക മെട്രോ സ്റ്റേഷനാണ് എക്സ്പോ വേദിക്ക് സമീപം സജ്ജമാക്കിയിരിക്കുന്നത്. കൊറോണ പ്രതിസന്ധികൾക്കിടയിലും അതിവേഗമാണ് എക്പോ 2020 മെട്രോ നിർമാണം ദുബായ് പൂർത്തിയാക്കിയത്. റൂട്ട് 2020 തുറന്ന് 6 മാസത്തിനു ശേഷമാണ് പുതിയ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഈ വർഷം ജനുവരി 1നായിരുന്നു റൂട്ട് 2020യിലൂടെ ആദ്യ യാത്ര നടത്തിയത്. ജബൽ അലി, ദ് ഗാർഡൻസ്, ദ് ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ എന്നീ 4 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ള മറ്റു സ്റ്റേഷനുകൾ. അതേസമയം, നിലവിൽ എല്ലാ യാത്രികർക്കും എക്സ്പോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. എക്സ്പോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് അനുമതി. ഒക്ടോബർ ഒന്നിന് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകു .റാഷിദിയ്യ സ്റ്റേഷനിൽ നിന്ന് എക്സ്പോ2020 സ്റ്റേഷനിലേയ്ക്കും ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ പുലർച്ചെ 5:00 ന് ആരംഭിക്കുന്ന സർവീസുകൾ അർദ്ധരാത്രി 12:00 ന് അവസാനിക്കും. വ്യാഴാഴ്ച, പുലർച്ചെ 1:00 മണിക്കായിരിക്കും അവസാന സർവീസ്. വെള്ളിയാഴ്ച, ആദ്യ സർവീസ് രാവിലെ 10:00 നും അവസാന സർവീസ് പുലർച്ചെ 1:00 നുമായിരിക്കും. ലക്ഷക്കണക്കിന് എക്സ്പോ 2020 സന്ദർശകർക്ക് മാത്രമല്ല, യുഎഇയിൽ താമസിക്കുന്നവർക്ക് കൂടി പദ്ധതി സഹായകമാകും.
Comments