അബുദാബിയിൽ ജൂൺ 15 മുതൽ മാളുകൾ, ബീച്ച്, ജിം, സിനിമ തീയറ്ററുകൾ, ഭക്ഷണശാലകൾ, കഫേകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിൽ പച്ചനിറം ലഭിച്ചിരിക്കണം. അബുദാബി അത്യാഹിത, ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾ കൂടുന്ന സ്ഥലങ്ങളിലെ സുരക്ഷാ വ്യവസ്ഥകൾ കർശനമാക്കുക വഴി രോഗവ്യാപനം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അൽ ഹൊസൻ ആപ്പിലെ പച്ചനിറത്തിന്റെ കാലാവധി വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് വ്യത്യസ്ത രീതിയിലാണ്. മൂന്ന് നിറങ്ങളിലൂടെയാണ് പി.സി.ആർ പരിശോധാനയുടെ സാധുത ആപ്പിൽ വ്യക്തമാക്കുന്നത്. പച്ചനിറം സാധുതയുള്ള പി.സി.ആർ പരിശോധന ഫലം അടയാളപ്പെടുത്തുന്നു. ചാര നിറം കാലാവധി കഴിഞ്ഞ ഫലത്തെ അടയാളപ്പെടുത്തുന്നു. ചുവപ്പ് നിറം ഫലം പോസിറ്റീവ് ആണെന്നും തുടർ നടപടികൾക്ക് വിധേയമാവണമെന്നും വിശദമാക്കുന്നു. കൊറോണ വാക്സിനേഷന്റെയും പി.സി.ആർ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് അൽ ഹൊസനിൽ പച്ചനിറം തെളിയുക.
രണ്ടുഡോസ് വാക്സിനുമെടുത്ത് 28 ദിവസം പൂർത്തിയായവർക്ക് പി.സി.ആർ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ആപ്പിൽ 30 ദിവസം പച്ചനിറം കാണും. ‘ഇ അല്ലെങ്കിൽ ഗോൾഡ് സ്റ്റാർ’ ചിഹ്നം ഓരോ ഏഴുദിവസത്തെ നെഗറ്റീവ് ഫലത്തോടൊപ്പവും കാണിക്കുന്നു. രണ്ടാം ഡോസ് കഴിഞ്ഞ് 28 ദിവസം പൂർത്തിയാവാത്തവർക്ക് പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചാൽ 14 ദിവസത്തേക്ക് പച്ചനിറം കാണാം. ആദ്യ ഡോസ് കഴിഞ്ഞ ശേഷം പി.സി.ആർ നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ആപ്പിൽ പച്ചനിറം 7 ദിവസം നിലനിൽക്കും. ആദ്യ ഡോസിന് ശേഷം 48 ദിവസത്തിലധികം രണ്ടാം ഡോസ് എടുക്കുന്നവർക്ക് പി.സി.ആർ നെഗറ്റീവ് ആണെങ്കിൽ പച്ചനിറം 3 ദിവസം ലഭിക്കും. വാക്സിനെടുക്കുന്നതിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് ലഭിച്ചവർ നെഗറ്റീവ് ആണെങ്കിൽ പച്ചനിറം 7 ദിവസം ലഭിക്കും. വാക്സിനെടുക്കാത്തവർക്ക് നെഗറ്റീവ് ഫലം ലഭിച്ചാൽ അൽ ഹൊസൻ ആപ്പിൽ 3 ദിവസം പച്ചനിറം കാണാമെന്നും വകുപ്പ് വ്യക്തമാക്കി. 16 വയസിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം ഈ വ്യവസ്ഥ നിലനിൽക്കുന്നതായി അത്യാഹിത, ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
Comments