ന്യൂഡൽഹി : വാക്സിൻ സ്വീകരിക്കുന്നതിൽ ന്യൂനപക്ഷങ്ങൾക്കുള്ള വിമുഖത മാറ്റാൻ രാജ്യവ്യാപകമായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാവ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായി തെറ്റിദ്ധാരണ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനം.
വിവിധ സാമൂഹിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയാകും ബോധവത്കരണം. സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ, വഖഫ് ബോർഡുകൾ, കേന്ദ്ര വഖഫ് കൗൺസിൽ, മൗലാനാ ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ എന്നിവയും പരിപാടിയുടെ ഭാഗമാകും. ഇതിന് പുറമേ പ്രാദേശിക വനിതാ സംഘങ്ങളെയും പരിപാടിയിൽ പങ്കെടുപ്പിക്കും.
2021 ലെ ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുക്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് ബോധവത്കരണ പരിപാടി നടത്താൻ തീരുമാനിച്ചത്. ഹജ് തീർത്ഥാടനത്തിനായുള്ള എല്ലാ നടപടികളും ഇതിനോടകം തന്നെ പൂർത്തിയായതായി നഖ്വി പറഞ്ഞു.
Comments