ലണ്ടൻ: ആഗോളതലത്തിലെ വാക്സിൻ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും തയ്യാറാകുന്നു. ഒരു കോടി വാക്സിനാണ് ആദ്യഘട്ടമായി മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. വരും മാസങ്ങളിൽ ബ്രിട്ടനിലെ ഉപയോഗത്തിന് ശേഷം കൂടുതലായി വരുന്ന വാക്സിനാണ് വിതരണം ചെയ്യുക. ലോകാരോഗ്യസംഘടനയെ വാക്സിനേൽപ്പിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അമേരിക്ക ആദ്യം വിതരണത്തിന് തയ്യാറാക്കിയ എട്ടുകോടി വാക്സിനുപുറമേ അഞ്ചുകോടി ഈ മാസം തയ്യാറാക്കി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വാക്സിൻ വിതരണത്തിൽ ബ്രിട്ടൻ വിജയം കൈവരിച്ചിരിക്കുകയാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളിലേയ്ക്കും വാക്സിൻ സെപ്തംബറോടെ എത്തിച്ചേരും. ഇതിനൊപ്പം മറ്റ് രാജ്യ ങ്ങൾക്കും വാക്സിൻ നൽകാൻ പാകത്തിനുള്ള ഉൽപ്പാദനം പുരോഗമിക്കുകയാണെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
ജി7 രാജ്യങ്ങളുടെ ഉച്ചകോടി കോൺവെല്ലിൽ ഇന്ന് ആരംഭിക്കാനിരിക്കേയാണ് ബ്രിട്ടൻ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അടുത്ത വർഷത്തോടെ വാക്സിൻ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന ചിന്തയ്ക്കാണ് പ്രാമുഖ്യം നൽകേണ്ടതെന്നും ജോൺസൻ പറഞ്ഞു.
Comments