ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ ഭാഗമായ 135 ഇന്ത്യൻ സൈനികർക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്ക്കാരം . ബ്ലൂ ബെററ്റ്സ് എന്നറിയപ്പെടുന്ന ഈ സൈനിക സംഘത്തിന് ദക്ഷിണ സുഡാനിലെ ജോങ്ലെയ് സ്റ്റേറ്റിലെയും ഗ്രേറ്റർ പിബോർ അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലെയും മികച്ച പ്രകടനത്തിനാണ് അംഗീകാരം .
ദക്ഷിണ സുഡാനിലെ ബോറിലാണ് മെഡൽ ചടങ്ങ് നടന്നത്. ചടങ്ങിൽ യുഎൻ ഫോഴ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ശൈലേഷ് ടിനൈക്കർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സൈനികർക്ക് പുറമെ 103 ശ്രീലങ്കൻ ബ്ലൂ ബെററ്റുകൾക്കും മെഡൽ ലഭിച്ചു.
‘ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ ദക്ഷിണ സുഡാനിലെ യുഎൻ മിഷൻ ഉത്തരവ് നിറവേറ്റുന്നതിന് ഈ ഉദ്യോഗസ്ഥരെല്ലാം നൽകിയ സംഭാവനകൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ ”ശൈലേഷ് ടിനൈക്കർ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഇന്ത്യൻ സൈനികരാണ് യുഎന്നിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നത്. യുഎൻ സമാധാന ദൗത്യങ്ങളുടെ ഭാഗമായി ഇതുവരെ 157 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.
ആഭ്യന്തര കലഹത്തിന്റെ പ്രതീതി നിലനിൽക്കുന്ന ഇവിടെ ക്രമസമാധാനം നിലനിർത്താനും തമ്മിൽ പോരാടുന്നവരെ അനുനയിപ്പിക്കാനും തകർച്ചയിൽ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കാനുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യ സംഘം ശ്രമിക്കുന്നത്.
Comments