വെയിലും മഴയും കൊള്ളാതെ ഓഫീസ് മുറികളില്‍ ലാപ്ടോപ്പിന് മുന്നിലിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരെല്ലാം. ഐടി മേഖലയാണ് ഇതില്‍ ഭൂരിഭാഗം ആളുകളുടേയും ലക്ഷ്യം. തരക്കേടില്ലാത്ത ഒരു തുക ശമ്പളമായി കൂടെ കിട്ടിയാല്‍ സംഗതി ഉഷാര്‍. കൃഷി എന്ന് കേള്‍ക്കുമ്പോള്‍ എന്ന് പുച്ഛമാണ് ഇന്നത്തെ യുവാക്കള്‍ക്കും.
എന്നാല്‍ ഇവിടെ ഭാഗ്യരാജ് ബാലസുന്ദര്‍ എന്ന ചെറുപ്പക്കാരന് ലാപ്ടോപിനു മുന്നിലിരുന്നു കാലം കഴിക്കുന്നതിനേക്കാള്‍ കൃഷിയാണ് നല്ലതെന്ന ഉറച്ച തീരുമാനമെടുത്തു. അരലക്ഷത്തോളം രൂപ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു. ഇത് കേട്ട് മിക്കവരും മൂക്കത്ത് വിരല്‍ വെച്ചു. പരിഹാസവും പുച്ഛവും അടങ്ങിയ പല അഭിപ്രായങ്ങള്‍ മുന്നിലെത്തി. എന്നാല്‍ ഇതൊന്നും തന്നെ ഈ യുവകര്ഷകന് തളര്‍ത്തിയില്ല. എണ്‍പത് സെന്റ് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു ആലപ്പുഴ ചേര്‍ത്തല പുത്തനംമ്പലം സ്വദേശിയാണ് ഭാഗ്യരാജ് എന്ന ചെറുപ്പക്കാരന്.
മുഴുവനായും ഓര്‍ഗാനിക്, വിഷമില്ലാത്ത, ശുദ്ധമായ ജൈവ പച്ചക്കറികള്‍ ആളുകളിലേക്ക് എത്തിക്കണം എന്നതായിരുന്നു ലക്ഷ്യം. പയര്‍, പാവല്‍, പടവലം, വെള്ളരി, തക്കാളി, തുടങ്ങി എല്ലാ ഇനങ്ങളിലും പരീക്ഷിക്കാന്‍ തയ്യാറായി. കൂടെ പിന്തുണയായി പ്രിയ സഹൃത്തും കുടുംബവും കൂടെ തന്നെ ഉണ്ടായിരുന്നു.ഒരു ലക്ഷം രൂപ മുടക്കി ആരംഭിച്ച ഈ സംരംഭം ഇന്ന് അതിന്റെ ഇരട്ടി ലാഭം നല്‍കുന്നുണ്ട്. എണ്‍പത് സെന്റില്‍ നിന്നും പന്ത്രണ്ട് ഏക്കറിലേക്ക് കൃഷി വ്യാപിച്ചു. ലോക്ഡോണ്‍ കാലം എത്തിയപ്പോഴേക്കും പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയായി. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന കൂടി ആരംഭിച്ചതോടെ സംഭവം ഒന്നു കൂടി വിപുലീകരിച്ചു. വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ആലപ്പുഴയില്‍ മാത്രമുള്ളവരാണിതില്. ജില്ല പൂര്‍ണമായും കവര്‍ ചെയ്യുന്നുണ്ട്.
നേരിട്ട് ഓര്‍ഡറുകള്‍ കൂടി സ്വീകരിച്ചു തുടങ്ങിയതോടെ സംഭവം പക്കാ ഓണ്‍ലൈനായി. വെജ് 2 ഹോം ഗ്രൂപ്പിന് ഓര്‍ഡര്‍ കിട്ടിയാല്‍, ഒരു മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ആവശ്യക്കാരിലെത്തിക്കും. വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കാറില്ല. ഉത്പന്നത്തിന്റെ വില മാത്രമേ കസ്റ്റമറില്‍ നിന്നു ഈടാക്കുന്നുള്ളൂ. ആലപ്പുഴയില്‍ ഒരു റൂട്ടില്‍ മാത്രം പോയാല്‍ തന്നെ ഇരുപതിനായിരം രൂപയുടെ കച്ചവടം നടക്കും. നിത്യേന വാട്സാപ്പ് ഗ്രൂപ്പിലൂടെ അമ്പതിലേറെ പേര് ഓര്‍ഡര്‍ നല്‍കാറുണ്ട്. എം ബി എക്കാരന് 6 കൊല്ലം മുമ്പ് 80 സെന്റ് ഭൂമി പാട്ടത്തിനെടുത്ത് കൈക്കോട്ടുമായി മണ്ണിലേക്കിറങ്ങുമ്പോള്‍ പരിഹസിച്ചവര്‍ ഇന്ന് അഭിമാനത്തോടെ നോക്കുന്നു ഈ ന്യുജന്‍ കര്‍ഷകനെ. കഠിനാധ്വാനത്തിന്റെ ഫലമാണ് ഭാഗ്യരാജിനെ വിജയത്തിലെത്തച്ചത്. ഇപ്പോള്‍ നെല്ല്, മത്സ്യം, കോഴി എന്നിങ്ങിനെ കൃഷി ഒരുപാടാണ് ഈ ന്യുജന്‍ കര്ഷകന്.
Comments