കൊൽക്കത്ത : ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുകുൾ റോയിയെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ശക്തമായ ആവശ്യവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ശേഷമാണ് മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങിയത്. ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുവേന്ദു അധികാരി സ്പീക്കർക്ക് കത്ത് നൽകി.
കൃഷ്ണനഗർ ഉത്തറിൽ നിന്നാണ് ബിജെപി ടിക്കറ്റിൽ മുകുൾ റോയ് മത്സരിച്ചത് വിജയിച്ചത്. തുടർന്ന് തൃണമൂലിലേയ്ക്ക് തിരികെപോയി. ഇതിന് പിന്നാലെ മുകുൾ റോയ് എംഎൽഎ സ്ഥാനം രാജി വെയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരി രംഗത്തെത്തുകയായിരുന്ന. ജൂൺ 15 ന് മുൻപ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് ചെയ്യാതെ വന്നതോടെ നിയമപരമായി മുന്നോട്ട് പോകാൻ പാർട്ടി തീരുമാനിച്ചതായി അധികാരി വ്യക്തമാക്കി.
2017 ൽ തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച മുകുൾ റോയ് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. എന്നാൽ എംഎൽഎ ആയി അധികാരമേറ്റതിന് പിന്നാലെ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേയ്ക്ക് തിരികെ പോകുകയായിരുന്നു.
Comments