ഭോപ്പാൽ : ജില്ലാ ജഡ്ജിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചതിനെ തുടർന്ന് അറസ്റ്റിലായ അഭിഭാഷകന് ജാമ്യം അനുവദിച്ച് കോടതി. അഭിഭാഷകൻ വിജയ് സിംഗ് യാദവിമനാണ് ജാമ്യം ലഭിച്ചത്. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് നടപടി.
ജനുവരി 29 ന് രത്ലം ജില്ലാ കോടതിയിലെ വനിതാ ജഡ്ജിയ്ക്കാണ് യാദവ് പിറന്നാൾ ആശംസകൾ അറിയിച്ചത്. ജഡ്ജിയുടെ ഫേസ്ബുക്കിൽ നിന്നും എടുത്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള ആശംസാ കാർഡും യാദവ് നൽകിയിരുന്നു. ഇതിന് പിന്നാലെ ആശംസ ലഭിച്ച വനിതാ ജഡ്ജി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ഫെബ്രുവരി ഒൻപതിന് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസങ്ങളായി യാദവ് ജയിലിലായിരുന്നു.
ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കരുതെന്ന് താക്കീത് നൽകിയാണ് ജാമ്യം നൽകിയത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ഉണ്ടായാൽ വീണ്ടും അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി അനുമതിയും നൽകി.
വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ് വനിതാ ജഡ്ജി. അഭിഭാഷകൻ പിറന്നാൾ ആശംസകൾ നേർന്നത് അമ്പരപ്പുണ്ടാക്കിയെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
Comments