ഇംഫാൽ : മണിപ്പൂരിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി . റവന്യൂ ഇന്റലിജന്റിസിന്റെ നേതൃത്വത്തിലാണ് 21 കോടി വിലവരുന്ന 43 കിലോ സ്വർണ്ണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത് .
ഇന്റലിജന്റ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് 18 മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഇംഫാൽ നഗരത്തിൽവെച്ച് സ്വർണ്ണം കടത്തുകയായിരുന്ന കാർ കണ്ടെത്തിയത് . രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത് .
കാറിൽ മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ. 260 വിദേശ നിർമ്മിതസ്വർണ ബിസ്ക്കറ്റുകളാണ് കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഇതേ വാഹനം മുമ്പും കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ലോക്ക്ഡൗണിനിടയിലും മ്യാൻമർ അതിർത്തി വഴി മണിപ്പൂരിൽ സ്വർണ്ണക്കടത്ത് തടസ്സമില്ലാതെ തുടർന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗുവാഹത്തി സോണൽ യൂണിറ്റ് മ്യാൻമർ സെക്ടറിൽ നിന്ന് 33 കോടിയിലധികം വിലമതിക്കുന്ന 67 കിലോ സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ 55 കിലോ സ്വർണം ജൂണിൽ മാത്രം പിടിച്ചെടുത്തു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലൂടെയാണ് സ്വർണം കടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
Comments