ബാഗ്ദാദ്: ഇറാഖിലെ കൊറോണ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികൾക്ക് ദാരുണാന്ത്യം. നസ്രിയ നഗരത്തിലെ ഇമാം അൽ ഹുസൈൻ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
സ്ഫോടനത്തിൽ 67ൽ അധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോർട്ട്. മരിച്ചവരെല്ലാം കൊറോണ ബാധിതരായി ചികിത്സയിൽ കഴിഞ്ഞവരാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണ സംഖ്യ ഉയർന്നേക്കാനാണ് സാദ്ധ്യത. മരിച്ചവരിൽ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി അടിയന്തിര കൂടിക്കാഴ്ച നടത്തി. ആശുപത്രി മാനേജരെ സസ്പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Comments