ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനായി ഐഎസ്ആർഒ വികസിപ്പിച്ച വികാസ് എൻജിന്റെ ഹോട്ട് ടെസ്റ്റ് പരീക്ഷണം മൂന്നാമതും വിജയകരം. 240 സെക്കന്റ് തുടർച്ചയായി പ്രവർത്തിപ്പിച്ചായിരുന്നു എൻജിൻ പരീക്ഷണം. ഇതോടെ ഗഗൻയാൻ ദൗത്യവുമായി മുന്നോട്ട് പോകുന്ന ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം ഇരട്ടിയായിരിക്കുകയാണ്.
ദ്രവ ഇന്ധന എൻജിനാണ് വികാസ്. ജിഎസ്എൽവി എംകെ കകക റോക്കറ്റിലായിരുന്നു പരീക്ഷണം. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പ്രത്യേകമായി സജ്ജീകരിച്ച സംവിധാനത്തിലായിരുന്നു പരീക്ഷണം. ഗഗൻയാൻ ദൗത്യത്തിനായുള്ള ഗുണമേന്മ പരീക്ഷണത്തിൽ തെളിഞ്ഞതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു.
മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ. ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികൾ റഷ്യയിൽ പരിശീലനം നേടിവരുകയാണ്. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാനുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
Comments