ലക്‌നൗ: സ്ത്രീധന പീഡനത്തെ തുടർന്നു യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് യുപി കോടതി. ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്കെതിരെയാണ് ഉത്തർപ്രദേശില ബല്ലിയ കോടതി ശിക്ഷ വിധിച്ചത്.
5000 രൂപ പിഴ ഈടാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കോട്‌വാലി സ്വദേശിനിയായ മീന 2008 ഫെബ്രുവരിയിലാണ് ശേഷ്‌നാഥ് സിങ്ങിനെ വിവാഹം ചെയ്തത്. 2018 ഏപ്രിൽ 3ന് ഭർതൃഗൃഹത്തിൽ ഇവർ പൊള്ളലേറ്റു മരിച്ചു. തുടർന്ന് മീനയുടെ പിതാവ് അശോക് സിംഗ് നൽകിയ പരാതിയിലാണ് ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തത്.
സ്ത്രീധനത്തെച്ചൊല്ലി മകൾക്ക് ദിവസവും മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് അച്ഛൻ പരാതിയിൽ പറഞ്ഞു. തുടർന്ന് പോലീസ് യുവതിയുടെ ഭർത്താവ് ശേഷ്‌നാഥ്, ഭർതൃ പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവരുടെ പേരിൽ കേസെടുക്കുകയായിരുന്നു. അഡീഷനൽ ജില്ലാ ജഡ്ജി നിതിൻ കുമാർ ഠാക്കൂറാണ് ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
Comments