കൊറോണ കാലമായതോടെ നിരവധി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. ഓട്ടോയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ സ്ഥാപിച്ചും മാസ്കുകള്‍, സാനിറ്റൈസറുകള്‍, തുടങ്ങിയവ വ്യത്യസ്തമായ രീതിയില്‍ ഓട്ടോയില്‍ സജ്ജീകരിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെന്നൈ സ്വദേശിയായ അണ്ണാ ദുരൈ സ്വന്തം ഓട്ടോറിക്ഷയെ ഹൈടെക്ക് ആക്കി മാറ്റിയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. അണ്ണാ ദുരൈയുടെ ഓട്ടോ കണ്ടാല്‍ ആരുടേയും കണ്ണു തളളി പോകും. അത്തരത്തിലാണ് ദുരൈ തന്റെ ഓട്ടോറിക്ഷയെ ഹൈടെക്ക് ആക്കിയിരിക്കുന്നത്.
ഓട്ടോയുടെ പ്രത്യേകതകളെക്കുറിച്ചും അണ്ണാ ദുരൈ എന്ന ചെറുപ്പക്കാരന്റെ പ്രചോദനാന്മകമായ ജീവിതവും വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ആദ്യമായി പുറത്തു വിട്ടത്. ഇതോടെ ദുരൈയുടെ കഥ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായി മാറി. സാമ്പത്തിക പ്രതിസന്ധി കാരണം പഠനം തുടരാന്‍ കഴിയാത്തതിനെക്കുറിച്ചും ദുരൈ വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഓര്‍ത്ത് നിരാശപ്പെടുന്നതിനു പകരം, തന്റെ സമ്പാദ്യം എങ്ങനെ തിരികെ നേടാമാം എന്നതിനെ കുറിച്ചാണ് ഈ ചെറുപ്പക്കാരന് ചിന്തിക്കുന്നത്. തന്റെ ഓട്ടോറിക്ഷയെ നഗരത്തിലെ ഏറ്റവും മികച്ച ഓട്ടോറിക്ഷയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോയില്‍ ഇത്രയധികം മാറ്റങ്ങള്‍ വരുത്തിയതെന്ന് ദുരൈ പറയുന്നു.
മാസ്കുകള്‍, സാനിറ്റൈസര്‍, ഒരു മിനി ഫ്രിഡ്ജ്, ഐപാഡ്, ടിവി എന്നിവ, വായിക്കാന്‍ മാഗസിനുകള്‍ എന്നി സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ദുരൈയുടെ വാഹനം ഉപയോക്താക്കള്‍ക്ക് വലിയ ആശ്ചര്യവും പ്രത്യേക യാത്രാനുഭവവുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെട്ട വീഡിയോ ഇതുവരെ 13 ലക്ഷം ആളുകള്‍ കണ്ടു. ദുരൈയുടെ ഹൈടെക് വാഹനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചും, യുവാവിന്റെ ശ്രമങ്ങള്‍ പ്രചോദനകരമാണെന്നും തുടങ്ങി നിരവധി പേര് വീഡിയോക്കു താഴെ അഭിപ്രായങ്ങളുമായെത്തി.
Comments