വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യ സന്ദർശിക്കും. ഈ മാസം 27-ാം തീയതി അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി അജിത്ത് ഡോവൽ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പ്രതിരോധ, സുരക്ഷാ മേഖലകളിലുള്ള പരസ്പര താത്പര്യം, തന്ത്ര പ്രധാനമായ പങ്കാളിത്തം, സഹകരണം എന്നിവ കൂടുതൽ ദൃഢമാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തേക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ബ്ലിങ്കന്റെ സന്ദർശനത്തിലൂടെ കൂടുതൽ സുതാര്യമാക്കും. ഇന്ത്യയുമായി നിലനിൽക്കുന്ന അമേരിക്കയുടെ നല്ല ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ബ്ലിങ്കൻ ഇന്ത്യ സന്ദർശിക്കുന്നത്.
Comments