കൊല്ലം: നർത്തകി മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപിരിയുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. ഇന്നലെയാണ് വിവാഹ ബന്ധം വേർപിരിയുന്നുവെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. എട്ടു വർഷം മുൻപാണ് മുകേഷും ദേവികയും വിവാഹിതരായത്.
വാർത്തകൾ പുറത്ത് വന്നതോടെ നിരവധി പ്രതിഷേധ കമന്റുകളാണ് മുകേഷിന്റെ ഫേസ്ബുക്ക് പേജിൽ വരുന്നത്. ‘നടൻ ആയത്… ജീവിതത്തിൽ പലരുടെയും വില്ലൻ ആവാൻ ആയിരുന്നുല്ലേ’ എന്നാണ് ഒരാൾ കുറിച്ചത്. ‘വധുവിനെ ആവശ്യമുണ്ട്, വിവാഹതട്ടിപ്പ് വീരൻ കല്യാണ ഉണ്ണി മുകേഷ് കൊല്ലത്തിന്റെ ഐശ്വര്യം, അടുത്ത കല്യാണം ഇനി എന്നാണ്, എംഎൽഎ സാർ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് മുകേഷിന്റെ പേജിൽ പ്രത്യക്ഷപ്പെടുന്നത്.
രണ്ടു പേരുടെയും ആശയങ്ങൾ യോജിച്ച് പോകുന്ന സാഹചര്യമല്ലെന്ന് തോന്നിയതിനാലാണ് വിവാഹബന്ധം വേർപെടുത്തുന്നതെന്നാണ് ദേവിക പ്രതികരിച്ചത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു ദേവികയുമായുള്ള വിവാഹം. തെന്നിന്ത്യൻ നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. 1987ൽ വിവാഹിതരായ മുകേഷും സരിതയും 25 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2011ലായിരുന്നു വേർപിരിഞ്ഞത്.
പ്രണയവിവാഹമായിരുന്നു മുകേഷിന്റേയും സരിതയുടേതും. ദേവികയുമായുളള വിവാഹത്തിന് ശേഷം മുകേഷിനെതിരെ സരിത രംഗത്ത് എത്തിയിരുന്നു. അന്ന് നടനെതിരെ നിരവധി ആരോപണങ്ങൾ സരിത ഉന്നയിച്ചിരുന്നു. രണ്ടാമതും വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുമ്പോൾ അന്ന് സരിത ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
Comments