തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. നീതിന്യായ വ്യവസ്ഥയെ മാനിച്ച് ശിവൻകുട്ടി ഉടൻ രാജിവെക്കുകയാണ് വേണ്ടത്. നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലാ എന്ന് പരമോന്നത കോടതി പറഞ്ഞിട്ടും മന്ത്രിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയുടെ അന്തിമവിധി വന്നിട്ടും അത് അംഗീകരിക്കാത്തത് ഭരണഘടനാലംഘനമാണ്. സുപ്രീം കോടതിയുടെ വിധിന്യായത്തെ ചോദ്യം ചെയ്യുകയാണ് മുഖ്യമന്ത്രി. നിയമസഭ സെക്രട്ടറിയേറ്റ് തന്നെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. ശിവൻകുട്ടി നിരപരാധിയാണെന്ന് പറയുന്നവർ അദ്ദേഹം കാണിച്ച അതിക്രമങ്ങളെ പിന്തുണയ്‌ക്കുകയാണ് ചെയ്യുന്നത് എന്നും സുധീർ വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി കോടതിയിലെ പ്രതിക്കൂട്ടിൽ തലകുമ്പിട്ട് നിൽക്കുന്നത് ലജ്ജാകരമാണ്. പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾക്ക് വേണ്ടി പൊതുമുതൽ ഉപയോഗിച്ച് കേസ് നടത്തുന്ന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രി രാജിവയ്‌ക്കും വരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുധീർ പറഞ്ഞു.
Comments