രാജ്യത്തിന്റെ അഭിമാനമായി മാറിയ പി.വി. സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്. രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. സോഷ്യല്‍ മീഡിയയില്‍ സിന്ധുവിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ട്വീറ്റിന് താഴെ വന്ന കമന്റും അതിന് ആനന്ദ് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഥാർ ഫോര്‍ പിവി സിന്ധു എന്ന ഹാഷ്ടാഗില് സിന്ധു മഹീന്ദ്രയുടെ താര് അര്‍ഹിക്കുന്നു എന്നായിരുന്നു വെയ്ഡ് വാലെ എന്ന യൂസറുടെ കമന്റ്.
എന്നാല്‍ ഇതിന് മറുപടിയായി സിന്ധുവിന് നേരത്തെ തന്നെ ഒരു ഥാറുണ്ട് എന്നായിരുന്നു ആനന്ദ് ട്വീറ്റ് ചെയ്തത്. ഇതിനോടൊപ്പം റിയോ ഒളിംപിക്സിന് ശേഷം സിന്ധുവിനും മറ്റൊരു മെഡല്‍ ജേതാവായ സാക്ഷി മാലികിനും നല്കിയ സ്വീകരണത്തിന്റെ ചിത്രവും ആനന്ദ് പങ്കുവെച്ചു. കഴിഞ്ഞ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരങ്ങളായിരുന്നു സിന്ധുവും സാക്ഷിയും. ഇതിന് പിന്നാലെ ഇവര്‍ക്ക് മഹീന്ദ്രയുടെ ഥാര്‍ എസ്.യു.വി മോഡല്‍ സമ്മാനമായി നല്‍കിയിരുന്നു.
തുടർച്ചയായി രണ്ടാം തവണയാണ് ഒളിമ്പിക്സിൽ സിന്ധു ഇന്ത്യയ്ക്ക് മെഡൽ സമ്മാനിക്കുന്നത്. റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് സിന്ധു.
Comments