മുംബൈ: ജാവ്ലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നൽകുമെന്ന് ആനന്ദ് മഹീന്ദ്ര. ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സുവർണ താരത്തിന് വാഹനം സമ്മാനിക്കുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി.
നീരജ് ചോപ്രയ്ക്ക് മഹീന്ദ്രയുടെ പുതിയ പതിപ്പായ എക്സ്.യു.വി 700 നൽകണമെന്നാണ് ട്വിറ്ററിൽ ആരാധകർ ആവശ്യപ്പെട്ടത്. നീരജ് ചോപ്രക്കായി ഒരെണ്ണം തയാറാക്കി വെക്കൂവെന്ന് മഹീന്ദ്രയിലെ ഉന്നത ജീവനക്കാർക്ക് അദ്ദേഹം നിർദ്ദേശവും നൽകി. എക്സ്.യു.വി 700 നിരത്തിലിറക്കുമ്പോൾ ആദ്യ വാഹനം തന്നെ നീരജ് ചോപ്രക്ക് നൽകണമെന്നും അഭിപ്രായമുയർന്നു. ഇക്കാര്യവും പരിഗണിക്കാമെന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നൽകിയിരിക്കുന്നത്.
ഒളിമ്പിക് ബാഡ്മിന്റണിൽ പി.വി സിന്ധു വെങ്കല മെഡൽ നേടിയപ്പോൾ താരത്തിന് മഹീന്ദ്രയുടെ ഓഫ് റോഡ് വാഹനമായ ഥാർ സമ്മാനമായി നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. സിന്ധു, ഥാർ അർഹിക്കുന്നുണ്ടെന്നും നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നുമായിരുന്നു ആനന്ദ് മഹീന്ദ്ര മറുപടി നൽകിയത്. കഴിഞ്ഞ വർഷത്തെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയപ്പോഴാണ് സിന്ധുവിന് ഥാർ സമ്മാനമായി നൽകിയത്.
Comments