കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ജയ് പ്രകാശ് മജൂംദാർ. അഭിഷേകിനെ ഗുണ്ടകൾ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവം തൃണമൂൽ കോൺഗ്രസ് രാഷ്‌ട്രീയ വത്കരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കൊൽക്കത്തയിൽ നിന്നും ത്രിപുരയിലേക്കുള്ള വിമാന യാത്രയ്‌ക്കിടെ അഭിഷേക് ബാനർജിയ്‌ക്കെതിരെ ആക്രമണം ഉണ്ടായി എന്നത് ഗൗരവമേറിയ വിഷയമാണ്. അഭിഷേക് ബാനർജി തങ്ങളുടെ രാഷ്‌ട്രീയ എതിരാളിയാണെന്നത് സത്യമാണ്. എങ്കിലും സംഭവത്തെ അതീവ ഗൗരവത്തോടെയാണ് തങ്ങളും കാണുന്നത്. ത്രിപുര, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കിടയിലാണ് സംഭവം എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതിനാൽ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമിത് ഷായാണ് ആക്രമണത്തിന് പിന്നിൽ എന്ന മമതാ ബാനർജിയുടെ ആരോപണം രാഷ്ടട്രീയ മാന്യത ലംഘിക്കുന്നതാണ്. രാജ്യത്തെ ക്രമസമാധാനത്തിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്കാണ്. അദ്ദേഹത്തിന് സംസ്ഥാനത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കേണ്ടകാര്യമില്ലെന്നും മജൂംദാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന്- നാല് വർഷങ്ങളായി ത്രിപുരയിൽ രാഷ്‌ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ബംഗാളാകട്ടെ രാഷ്‌ട്രീയ അക്രമങ്ങൾകൊണ്ട് മാദ്ധ്യമ വാർത്തകളിൽ എന്നും ഇടപിടിയ്‌ക്കുന്ന സംസ്ഥാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Comments