തിരുവനന്തപുരം: സിനിമാ ജീവിതത്തിലെ സുവർണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പണച്ചെലവുള്ള പരിപാടികൾ വേണ്ടെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് മമ്മൂട്ടി. സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാനോടാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ നടൻ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ അറിയിച്ചത്. ഇതിന് പിന്നാലെ പരിപാടി തീരുമാനിച്ചത് അറിയിക്കാൻ മമ്മൂട്ടിയെ വിളിച്ചപ്പോൾ പണച്ചെലവുള്ള പരിപാടികൾ വേണ്ടെന്ന് മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം.
ഈ മാസം ആറിനാണ് സിനിമ ജീവിതത്തിൽ 50 വർഷങ്ങൾ മെഗാസ്റ്റാർ മമ്മൂട്ടി പൂർത്തിയാക്കിയത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും നിരവധി ആരാധകർ നടന് ആശംസകളുമായെത്തിയിരുന്നു. അരനൂറ്റാണ്ട് പിന്നിടുമ്പോഴും പുതിയ പ്രോജക്ടുകളുടെ തിരക്കിലാണ് മമ്മൂട്ടി. ‘ഭീഷ്മ പർവ്വം’, ‘പുഴു’ എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകൾ.
Comments