തിരുവനന്തപുരം : ഡ്രോൺ പരിശോധനകൾക്കും ഗവേഷണത്തിനും വേണ്ടി കേരളാ പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഒരുങ്ങുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേരള പോലീസ് രൂപീകരിച്ച ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്ററിന്റെ ഉദ്ഘാടനം നാളെ നടക്കും. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം പോലീസിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കുന്നത്.
ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ വിവരങ്ങൾ മനസ്സിലാക്കുക, പ്രവർത്തനചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറൻസിക് ലാബിൽ നടക്കുന്ന പ്രവർത്തനങ്ങൾ. പോലീസ് സേനയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയതരം ഡ്രോണുകൾ നിർമ്മിക്കുന്നത് ഡ്രോൺ ഗവേഷണകേന്ദ്രത്തിലായിരിക്കും.
ഉദ്ഘാടനത്തിനു ശേഷം ഡ്രോണുകളുടെ പ്രദർശനവും എയർഷോയും എസ്.എ.പി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 വരെയാണ് പ്രദർശനം.
Comments