കാബൂൾ : അഫ്ഗാനിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. 129 യാത്രക്കാരുമായി ആറ് മണിയോടെ പുറപ്പെട്ട എഐ-244 വിമാനമാണ് 8 മണിയോടെ രാജ്യത്തെത്തിയത്. കാബൂളിൽ താലിബാൻ പ്രവേശിച്ചതോടെയാണ് എയർ ഇന്ത്യ അവസാന സർവീസ് നടത്തിയത്. കാബൂളിൽ നിന്നും ഇനി വിമാന സർവ്വീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ആക്രമണം കാരണം ഇന്ന് കാബൂളിലേക്കുള്ള ചാർട്ടർ വിമാനം ഇന്ത്യ റദ്ദാക്കിയിരുന്നു.
താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചടക്കുമെന്ന സാഹചര്യമുണ്ടായതോടെയാണ് പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരേയും രാജ്യം തിരികെ വിളിച്ചത്. കാബൂൾ പിടിച്ചെടുത്ത താലിബാന്റെ കയ്യിൽ നിന്നും സ്വന്തം പൗരന്മാരെ രക്ഷിക്കാൻ യുഎസ്, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
രാജ്യതലസ്ഥാനമായ കാബൂളിൽ ശക്തമായ ആക്രമണം നടത്തുന്ന താലിബാൻ ഏത് നിമിഷവും രാജ്യം പിടിച്ചെടുക്കുമെന്ന സ്ഥിതിയിലാണ്. അതേസമയം അഫ്ഗാൻ പ്രസിഡന്റ് ഭീകരരെ പേടിച്ച് രാജ്യം വിട്ടു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാബൂൾ വിമാനത്താവളം വഴി താജികിസ്താനിലേക്ക് പോയി എന്നാണ് സൂചന.
Comments