വാഷിംഗ്ടൺ; ബഹിരാകാശ യാത്രയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന പുനരാരംഭിച്ചതായി ബഹിരാകാശ ടൂറിസം കമ്പനി വെർജിൻ ഗാലക്റ്റിക് അറിയിച്ചു.ബഹിരാകാശ യാത്ര സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്തയാണ് കമ്പനിയുടെ ഈ അറിയിപ്പ്. കമ്പനിയുടെ സ്പേസ് ഷിപ്പ് ടു എന്ന ബഹിരാകാശ വാഹനത്തിലേക്കുള്ള ടിക്കറ്റ് വിൽപ്പനയാണ് പുനരാരംഭിച്ചത്.റിച്ചാർഡ് ബ്രാൻസന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കമ്പനി.
സിംഗിൾ സീറ്റ് ഓപ്ഷൻ, മൾട്ടി സീറ്റ് ഓപ്ഷൻ,മുഴുവൻ വാഹനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്.ഒരു സീറ്റിന് 450,000 ഡോളറാണ് (ഏകദേശം 3,35,23,875 ഇന്ത്യൻ രൂപ) വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ പ്രൊഫഷണൽ ബഹിരാകാശയാത്ര പരിശീലനത്തിന് 600,000 ഡോളറോളം ചിലവാകും. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
2014 ൽ പരീക്ഷണ പറക്കലിനിടെ ബഹിരാകാശ വാഹനം അപകടത്തിൽപെട്ടിരുന്നു. ഇതോടെ കമ്പനി ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു.200,000 ഡോളറായിരുന്നു അന്ന് ടിക്കറ്റ് നിരക്ക്. എന്നാൽ ജൂലൈയിൽ ബഹിരാകാശത്തേക്ക് വീണ്ടും പരീക്ഷണ പറക്കൽ നടത്തിയത് വൻ വിജയമായിരുന്നു. ഇതിനെ തുടർന്നാണ് ടിക്കറ്റ് വിൽപ്പന പുനരാരംഭിച്ചത്.
Comments