ന്യൂഡൽഹി: അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ ഓഗസ്റ്റ് 26ന് പ്രവർത്തനം ആരംഭിക്കും. ഇ-ശ്രാം എന്നാണ് പോർട്ടലിന്റെ പേര്. രാജ്യത്തുടനീളമുള്ള അസംഘടിത തൊഴിലാളികളുടെ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ അസംഘടിത തൊഴിലാളികൾക്കും സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഏകദേശം 38 കോടിയോളം വരുന്ന തൊഴിലാളികൾക്ക് പദ്ധതിയുടെ ഗുണം ലഭിയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് 12 അക്ക അക്കൗണ്ട് നമ്പർ നൽകും.തൊഴിൽപരമായ വിശദാംശങ്ങൾ അടങ്ങിയ കാർഡും ഇതിലൂയെ തൊഴിലാളികൾക്ക് ലഭ്യമാക്കും.
അസംഘടിത തൊഴിലാളികളുടെ ഔദ്യോഗിക ഡാറ്റാബേസ് ആയിരിക്കും ഇ-ശ്രാം. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരുടെ കൈകളിൽ എളുപ്പം എത്തിക്കാൻ ഇ-ശ്രാം സഹായകരമാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.പ്രധാന ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തി പദ്ധതിക്ക് അവരുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ട്രേഡ് യൂണിയനുകൾ ഡാറ്റാബേസ് ജനകീയമാക്കുന്നതിലും തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും.പോർട്ടലിന്റെ ലോഗോ കഴിഞ്ഞ ദിവസം മന്ത്രി പ്രകാശനം ചെയ്തിരുന്നു.
Comments