ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കേണ്ട ഒരു ദിവസമാണ് വിവാഹ ദിനം. എന്നാല്‍ പണ്ടത്തെപ്പോലെയല്ല.. വിവാഹത്തിനു ദിവങ്ങള്‍ക്ക് മുമ്പേ ഇപ്പോള്‍ പലതരം ചടങ്ങുകളാണ്. വിവാഹത്തിന് അണിയുന്ന വസ്ത്രങ്ങള്‍ മാത്രമല്ല, ആഭരണങ്ങളുടെ ഡിസൈന്‍, മെഹന്ദി ഡിസൈന്‍, മേക്കപ്പ് തുടങ്ങി കല്യാണ ദിവസം വധൂവരന്മാരും ബന്ധുക്കളും അവതരിപ്പിക്കുന്ന ഡാന്‍സ്, ഹല്‍ദി, പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് പ്ലാന്‍ ചെയ്യാന്‍. മാസങ്ങളുടെ അധ്വാനത്തിനൊടുവില്‍ കാത്തിരുന്ന കല്യാണ ദിവസം ആകുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് ചെറുതായൊന്ന് പാളിയാല്‍ നിരാശ തോന്നില്ലേ, എല്ലാവര്ക്കും അത് മനസ്സിലാകുമോ എന്നറിയില്ല, പക്ഷേ ശിവാനി പിപ്പെല്‍ എന്ന യുവതിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ്.
സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ആ ദിവസത്തേക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും തീരുമാനിച്ച് വെച്ചിരുന്നു ശിവാനി പിപ്പെല്‍ എന്ന യുവതി. എന്തിന് പറയുന്നു, വിവാഹ വേദിയില്‍ ശിവാനി എത്തുമ്പോള്‍ ഏത് പാട്ട് പിന്നണിയില്‍ പാടണം എന്നു പോലും നേരത്തേ തീരുമാനിച്ചതാണ്. വിവാഹ ദിവസം എല്ലാം ഭംഗിയായി തന്നെ നടന്നു, എന്നാല്‍ ചെറിയൊരു കാര്യം മാത്രം പിഴച്ചു, വേദിയില്‍ താന്‍ എത്തുമ്പോള്‍ തീരുമാനിച്ചിരുന്ന പാട്ടല്ല പാടിയത്. പകരം മറ്റൊരു പാട്ട്. സ്വപ്നം കണ്ടതുപോലൊരു വിവാഹം പ്ലാന്‍ ചെയ്ത ശിവാനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. താന്‍ പറഞ്ഞ പാട്ട് വെക്കാതെ വേദിയില്‍ കയറില്ലെന്ന് നവവധു തീര്‍ത്തു പറയുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ ശിവാനി തന്നെയാണ് തന്റെ വീഡിയോ ആദ്യം അപ് ലോഡ് ചെയ്തത്. പിന്നീട് വീഡിയോ ദി വെഡ്ഡിങ് ബ്രിഗേഡ് എന്ന പേജിലും ഷെയര്‍ ചെയ്യപ്പെട്ടു. ഇതോടെ വീഡിയോ വൈറലായി. ഉത്തരേന്ത്യന്‍ വിവാഹ ചടങ്ങില്‍ വധു വിവാഹവേദിയിലേക്ക് എത്തുന്നത് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പിടിക്കുന്ന പുഷ്പാലങ്കൃത കുടയ്ക്ക് കീഴിയിലാണ്. ശിവാനിയും ഇതേ രീതിയില്‍ എത്തിയെങ്കിലും താന്‍ പറഞ്ഞിരുന്ന പാട്ടല്ല ആ സമയത്ത് അവതരിപ്പിച്ചത്. ഇതോടെ വിവാഹവേദിയിലേക്ക് കടക്കില്ലെന്നായി വധു. ‘പിയാ മോഹേ ഘര്‍ ആയാ’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ശിവാനി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ശിവാനി ആവശ്യപ്പെട്ട പാട്ട് ലഭിക്കാത്തതുകൊണ്ടാണ് മറ്റൊരു പാട്ട് അവതരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
Comments