ന്യൂഡൽഹി: രാജ്യം നിരവധി വെല്ലുവിളികൾ നേരിടുന്നതിനിടയിലും അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. നവീകരിച്ച ജാലിയൻ വാലാബാഗ് സ്മാരകം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെല്ലുവിളികൾക്കിടയിലും ഓപ്പറേഷൻ ദേവി ശക്തി മുഖേന നൂറുക്കണക്കിന് പേരെയാണ് അഫ്ഗാനിൽ നിന്നും രക്ഷപ്പെടുത്തിയത്. ഏറെ സങ്കീർണമായ സാഹചര്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന്, ലോകത്തിന്റെ ഏതുകോണിലും, ക്ലേശമനുഭവിക്കുന്ന ഇന്ത്യക്കാരന് വേണ്ടി നിലകൊള്ളാൻ രാജ്യത്തിനാകും. കൊറോണ ഉയർത്തുന്ന വെല്ലുവിളിയോ അഫ്ഗാൻ പ്രതിസന്ധിയോ ആകട്ടെ ഇന്ത്യയതിനെ ശക്തമായി നേരിടുമെന്നും അതിനുള്ള കരുത്ത് ഇന്ന് ഇന്ത്യക്കുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
സർദാർ ഉദ്ദം സിംഗും ഭഗത് സിംഗും തുടങ്ങി നിരവധി വിപ്ലവകാരികൾക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും ബലിയർപ്പിക്കാൻ ധൈര്യം നൽകിയ സ്ഥലമാണ് ജാലിയൻ വാലാബാഗ്. ധീരഭൂമിയിലെ നിരപരാധികളായ സഹോദരൻമാരുടെയും സഹോദരിമാരുടെയും സ്വപ്നങ്ങളെ ജാലിയൻ വാലാബാഗിന്റെ ചുമരുകളിൽ പതിച്ച ബുള്ളറ്റുകളിൽ കാണാനാകുമെന്നും സ്മാരകം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.
Comments