തിരുവനന്തപുരം: അധ്യാപക ദിനമായ സെപ്തംബർ അഞ്ചിനകം സംസ്ഥാനത്തെ അധ്യാപകരുടെ വാക്സീനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വാക്സീനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,78,635 പേർക്കാണ് വാക്സീൻ നൽകിയത്. 1,459 സർക്കാർ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1832 വാക്സീനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,86,31,227 പേർക്കാണ് വാക്സീൻ നൽകിയത്. അതിൽ 2,09,75,647 പേർക്ക് ഒന്നാം ഡോസ് വാക്സീനും 76,55,580 പേർക്ക് രണ്ടാം ഡോസ് വാക്സീനുമാണ് നൽകിയത്.
സംസ്ഥാനത്തിന് 8,00,860 ഡോസ് വാക്സീൻ കൂടി ലഭ്യമായി. ഇതിൽ 5,09,640 ഡോസ് വാക്സീൻ ഞായറാഴ്ചയും 2,91,220 ഡോസ് വാക്സീൻ ഇന്നുമായാണ് എത്തിയത്. തിരുവനന്തപുരം 2,72,000, എറണാകുളം 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് വാക്സീനാണെത്തിയത്. ഇതുകൂടാതെ 15 ലക്ഷം എഡി സിറിഞ്ചും ലഭ്യമായിട്ടുണ്ട്.
Comments