തിരുവനന്തപുരം : കേരളത്തിലെ വാക്സിനേഷൻ യജ്ഞം വൻ വിജയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ മാസം 88,23,524 ഡോസ് വാക്സിനാണ് കുത്തിവെച്ചത്. അതിൽ 70,89,202 പേർക്ക് ഒന്നാം ഡോസും 17,34,322 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. സംസ്ഥാനത്തിന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്രം കൂടുതൽ വാക്സിൻ അനുവദിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
58,99,580 ഡോസ് കൊവിഷീൽഡും 11,36,360 ഡോസ് കൊവാക്സിനും ഉൾപ്പെടെ 70,35,940 ഡോസ് വാക്സിനാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയത്. ഇതുകൂടാതെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് വാങ്ങി കെ.എം.എസ്.സി.എൽ. മുഖേന 2.5 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും ലഭ്യമായി. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്തിന് 72,85,940 ഡോസ് വാക്സിനാണ് ലഭ്യമായത്. ഇതിന് പുറമേ കെ.എം.എസ്.സി.എൽ. മുഖേന 10 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ സംസ്ഥാനം വാങ്ങിയിട്ടുണ്ടെന്നും വീണ ജോർജ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഈ മാസം 9 നാണ് സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റ് 13, 14 ദിവസങ്ങളിൽ സംസ്ഥാനത്ത് 5 ലക്ഷം പേർക്ക് കുത്തിവെപ്പ് നടത്തിയിരുന്നു. 6 ദിവസം 4 ലക്ഷം പേർക്കും (12, 23, 25, 27, 30, 31), 5 ദിവസം 3 ലക്ഷം പേർക്കും (2, 15, 16, 17, 24), 9 ദിവസം രണ്ട് ലക്ഷം പേർക്കും (3, 6, 7, 9, 11, 18, 19, 26, 29), 5 ദിവസം ഒരുലക്ഷം പേർക്കും (1, 4, 5, 20, 28) വാക്സിൻ നൽകി.വാക്സിനേഷൻ വർധിപ്പിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് വാക്സിൻ യജ്ഞം സംഘടിപ്പിച്ചത്. ഘട്ടം ഘട്ടമായിട്ടായിരുന്നു വാക്സിനേഷൻ യജ്ഞം നടപ്പിലാക്കിയത്.
അദ്ധ്യാപകർ, അനുബന്ധ രോഗമുള്ളവർ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർക്കെല്ലാം വാക്സിൻ നൽകി വരികയാണ്. അദ്ധ്യാപകരുടെ വാക്സിനേഷൻ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കുന്നതാണ്. സെപ്റ്റംബർ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒന്നാം ഡോസ് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments