ബെംഗളൂരു : കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് റാലി നടത്തിയതിന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി എം.പിക്കും 306 ഓളം പാർട്ടി പ്രവർത്തകർക്കുമെതിരെ ബെലഗാവി പോലീസ് കേസെടുത്തു. കോർപറേഷൻ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഇന്നലെ നടന്ന പരിപാടിക്കിടെയാണ് നിയന്ത്രണങ്ങൾ ലംഘിച്ചത്.
അനുവദനീയമായതിലും കൂടുതൽ പ്രവർത്തകർ പങ്കെടുത്തു, സാമൂഹിക അകലം പാലിച്ചില്ല, മാസ്ക് ധരിച്ചില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.
റിട്ടേണിംഗ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി വകുപ്പുകൾ കൂടാതെ കർണാടക എപ്പിഡെമിക് ഡിസീസസ് ആക്ട്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് എന്നിവ കൂടി ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ലത്തീഫ് ഖാൻ പഠാൻ, ജോയ അക്തർ അസ്ലം ഡോണി, മുഷ്താഖ് തഹസിൽദാർ തുടങ്ങിയ ജില്ലാ നേതാക്കളെയും പോലീസ് കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റാലി നടന്ന ദിവസം നൂറുകണക്കിന് എഐഎംഐഎം അനുഭാവികൾ ഒവൈസി ഉണ്ടായിരുന്ന കാറിന് ചുറ്റും ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും മാസ്ക് ധരിച്ചിരുന്നില്ല, സാമൂഹിക അകലവും പാലിച്ചിരുന്നില്ല . പരസ്പരം ചേർന്ന് നിന്നാണ് ആളുകൾ ഒവൈസിയെ നഗരത്തിലേക്ക് സ്വാഗതം ചെയ്തത് .
സെപ്റ്റംബർ 3 ന് നടക്കാനിരിക്കുന്ന ബെലഗാവി സിറ്റി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എമ്മിന്റെ ആറ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത് .
Comments