കാബൂൾ : ഐഎസ്-കെയുമായി(ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസൻ പ്രൊവിൻസ്) ബന്ധമുള്ള ഇന്ത്യൻ പൗരന്മാർ അഫ്ഗാനിസ്താനിൽ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. ഭീകര സംഘടനയിൽ ചേരാൻ രാജ്യം വിട്ട് പോയ ഇന്ത്യൻ പൗരന്മാരെ അഫ്ഗാൻ സൈന്യം പിടികൂടിയിരുന്നു. എന്നാൽ താലിബാൻ രാജ്യം പിടിച്ചടക്കിയതോടെ ജയിലിലായിരുന്ന ഇവരെ മോചിപ്പിച്ചു. ഇത്തരത്തിൽ ജയിൽ മോചിതരായ 25 പേരെയാണ് സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്.
പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന അഫ്ഗാൻ പ്രദേശമായ നാൻഗാർഹാർ മേഖലയിൽ ഇവർ ഒളിച്ചിരിക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കരുതുന്നു. ഒസാമ ബിൻ ലാദന്റെ മുൻ സുരക്ഷാ മേധാവിയായിരുന്ന ആമിൻ അൽ ഹഖിന്റെ ജന്മസ്ഥലത്തിനു സമീപം ഇവർ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് സൂചന.
ഇന്ത്യയിൽ കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ഐജാസ് അഹാങ്കാർ എന്ന ഭീകരനെയും താലിബാൻ ജയിൽ മോചിതമാക്കിയിരുന്നു. ഐഎസ്-കെ റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നയാളാണിത്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ മുൻസിബിനെയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഓൺലൈൻ റിക്രൂട്ട്മെന്റിന് സജീവമായി നേതൃത്വം നൽകുന്നതായാണ് വിവരം.
അഫ്ഗാനിലെ ജയിലുകൾ താലിബാൻ തകർത്തതോടെ ആയിരക്കണക്കിന് ഐഎസ്-കെ ഭീകരർ മോചിക്കപ്പെട്ടതായാണ് സുരക്ഷാ ഏജൻസികൾ പുറത്തുവിടുന്ന വിവരം. ഏകദേശം 1400 ഐഎസ്-കെ ഭീകരരാണ് അഫ്ഗാൻ ജയിലിൽ ഉണ്ടായിരുന്നത്. ഇതിൽ 300 പാക് ഭീകരരും ചൈനക്കാരും ബംഗ്ലാദേശികളും ഉൾപ്പെടുന്നു എന്നാണ് വിലയിരുത്തൽ. ഇവർ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയി ഭീകരാക്രമണം നടത്താൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
Comments