ലണ്ടൻ : അഫ്ഗാനിലെ ഐഎസ്-കെയ്‌ക്ക് (ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസൻ) എതിരെ ആക്രമണം നടത്താൻ തങ്ങൾ തയ്യാറാണെന്ന് യുകെ. അഫ്ഗാനിൽ ഐഎസ്-കെയുടെ 2000 ത്തിൽ അധികം ഭീകരരുണ്ടെന്ന് അമേരിക്കൻ പ്രതിരോധ സേന വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് ഭീകരസംഘടനയ്‌ക്കെതിരെ പോരാടാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് യുകെ രംഗത്തെത്തിയത്. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് വ്യോമസേന മേധാവി സർ മൈക്ക് വിംഗ്‌സ്ടൺ ഇക്കാര്യം അറിയിച്ചത്.
കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുന്നവർക്കൊപ്പം യുകെ പങ്കുചേരും. ഐഎസ് ഭീകരരെ ആക്രമിക്കാൻ അവസരം ലഭിച്ചാൽ യുകെ അതിൽ നിന്ന് പിൻവാങ്ങില്ല. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തീവ്രവാദം തലയുയർത്തുന്നത് യുകെക്കും സഖ്യകക്ഷികൾക്കും ഭീഷണിയാണ്. എത്തിച്ചേരാൻ പ്രയാസമുള്ള രാജ്യങ്ങളിൽ ഒന്നാണ് അപ്ഗാൻ എന്നാൽ ഇപ്പോൾ അവിടെ നിന്ന് പ്രവർത്തിക്കാൻ നമുക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച് യുഎസ്, യുകെ സൈനികൾ മടങ്ങിയെത്തിയതിനു ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച അഫ്ഗാനിലെ ഹാമിദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിനു സമീപം നടന്ന ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ്-കെ ഏറ്റെടുത്തിരുന്നു. സ്ഫോടനത്തിൽ 13 യുഎസ് സൈനികർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
Comments