ന്യൂഡൽഹി: ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊറോണ പ്രോട്ടോക്കോളുകൾ പാലിച്ച് തുറന്നു. തമിഴ്‌നാട്, ഡൽഹി, രാജസ്ഥാൻ, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളാണ് ആരംഭിച്ചത്. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർത്ഥികൾ എന്നാണ് കണക്ക്. രാജ്യത്ത് വൈറസ് വ്യാപനം ഗണ്യമായി കുറഞ്ഞ സംസ്ഥാനങ്ങളിലെ സ്‌കൂളുകളാണ് കുട്ടികൾക്കായി തുറന്നത്.
സ്‌കൂളുകളിലെത്തുന്ന അദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും വിട്ടുവീഴ്ചയരുത്. ഒരു ക്ലാസിൽ 50 ശതമാനത്തിൽ കൂടുതൽ കുട്ടികൾക്ക് വിലക്കുണ്ട്. കർശനമായ കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ ക്ലാസുകൾ പുരോമിക്കാവൂ എന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും നിബന്ധനയുണ്ട്.
ഡൽഹിയിൽ 9-12 ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് തുറന്നത്. കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ വാക്‌സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഡൽഹിയിലെ 6-8 ക്ലാസുകൾ വരുന്ന എട്ടാം തിയ്യതി മുതൽ തുടങ്ങും. അതേസമയം തമിഴ്‌നാട്ടിൽ ഇരുപത് വിദ്യാർത്ഥികളെ മാത്രമാണ് ഒരു ക്ലാസിൽ പ്രവേശിക്കുക.
Comments