തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ. താരിഖ് അൻവർ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ ഡിസിസി പുനസംഘടനാ ചർച്ചകൾ താരിഖ് അൻവർ മോശമായാണ് കൈകാര്യം ചെയ്തതെന്നും ഗ്രൂപ്പുകൾ ആരോപിക്കുന്നു. വിഷയം ഹൈക്കമാൻഡിനെ അറിയിക്കാനാണ് നേതാക്കളുടെ തീരുമാനം.
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിച്ചില്ലെന്നും, പരസ്യ നിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്നും ഗ്രൂപ്പുകൾ ആരോപിക്കുന്നു. കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് മുന്നിൽ വയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധികൾക്ക് സംഘടന തിരഞ്ഞെടുപ്പ് ശാശ്വത പരിഹാരമാകുമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.
അതേപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ നടപടി വേണമെന്നും ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നു. അച്ചടക്ക നടപടിയിൽ കെപിസിസി ഇരട്ടനീതി നടപ്പാക്കുന്നുവെന്നതിന്റെ തെളിവാണ് ഉണ്ണിത്താനെതിരെ നടപടി സ്വീകരിക്കാത്തത്. എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ സംസാരിച്ച പി.എസ്.പ്രശാന്തിനെതിരെ നടപടി എടുത്തപ്പോൾ ഉണ്ണിത്താനെ താക്കീത് പോലും ചെയ്തില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
Comments