പഞ്ച്ഷീർ: താലിബാന് മുന്നിൽ ഇനിയും കീഴടങ്ങാത്ത പഞ്ച്ഷീറിൽ ഭീകരരും അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ നാൽപ്പതിൽ അധികം താലിബാൻ ഭീകരരെ വധിച്ചു. ഇരുപതോളം പേരെ ജയിലിൽ തടവിലാക്കുകയും ചെയ്തു. പഞ്ച്ഷീർ താഴ്വരയിലെ ഖവാക്ക് ചുരത്തിന് സമീപത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ പ്രതിരോധ സേന ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രി പഞ്ച്ഷീർ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി താലിബാൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. യുഎസ് സൈന്യം പിന്മാറി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം ഉണ്ടായത്. പ്രതിരോധ സേനയ്‌ക്ക് നേതൃത്വം നൽകുന്ന അഹ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചത്. തങ്ങളുടെ പോരാട്ടം പഞ്ച്ഷീറിന് വേണ്ടി മാത്രമല്ലെന്നും എല്ലാ അഫ്ദഗാൻ പൗരനും വേണ്ടിയാണെന്ന് അഹ്മദ് മസൂദും വ്യക്തമാക്കിയിരുന്നു. ഐതിഹാസിക അഫ്ഗാൻ വിമത കമാൻഡർ അഹ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്.
അഫ്ഗാനിലെ പഞ്ച്ഷീർ പ്രവശ്യ കീഴടക്കാൻ താലിബാന് ഇതുവരെ സാധിച്ചിട്ടില്ല. താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കാൻ ആരംഭിച്ചത് മുതൽ പഞ്ച്ഷീർ പ്രദേശത്തെ ജനങ്ങൾ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാൻ ഭരണകൂടത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ സംഘവും അഫ്ഗാൻ പ്രതിരോധ സേനയും സംയുക്തമായാണ് താലിബാൻ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.
Comments