കണ്ണൂർ: ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ ഇളന്തോട്ടത്തിൽ മനോജിന് ശ്രദ്ധാംജ്ഞലിയർപ്പിച്ച് ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം. ബലിദാന ദിനത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണ ദാസ് തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ ഇളന്തോട്ടത്തിൽ മനോജിനെ സിപിഎം സംഘം മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്ന് ഏഴു വർഷം തികയുന്നത് പ്രമാണിച്ചാണ് പ്രവർത്തകർ ശ്രദ്ധാംജ്ഞലി ചടങ്ങ് നടത്തിയത്. 2014 സെപ്തംബർ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂർ ഉക്കാസ് മൊട്ടയിൽ വെച്ച് മനോജിനെ മൃഗീയമായി സിപിഎമ്മുകാർ കൊലപ്പെടുത്തിയത്.
രാവിലെ വീട്ടിൽ നിന്നും തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയിൽവെച്ച് അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകമായിരുന്നു. മികച്ച സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മനോജിനെ നേരത്തെ നാലു തവണ സിപിഎമ്മുകാർ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ സ്വന്തം പാർട്ടിയിൽ പെട്ട ഒരാളെ സിപിഎമ്മുകാർ തന്നെ കുത്തി വീഴ്‌ത്തുകയും ചെയ്തു .
സിപിഎം ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് ആദ്യഘട്ടം തൊട്ടേ വ്യക്തമായിരുന്നു. നാട്ടുകാർക്കും സംഘപ്രവർത്തകർക്കും ഏറെ പ്രിയങ്കരനായിരുന്ന മനോജിന്റെ കൊലപാതകം കേരളത്തെ ആകെ നടുക്കി. ആദ്യഘട്ടത്തിൽ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും സ്ഥിരം പാർട്ടി ഗുണ്ടകളും കേസിൽ പിടിക്കപ്പെട്ടതോടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി ഏറ്റവുമൊടുവിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പങ്കു കൂടി പുറത്ത് വന്നു.
2014 സെപ്റ്റംബർ 1 ന് മാരുതി ഓമ്‌നി വാനിൽ സഞ്ചരിക്കുകയായിരുന്ന ആർ.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എളന്തോട്ടത്തിൽ മനോജിനും സുഹൃത്തിനുമെതിരെയായിരുന്നു ആക്രമണം . ബോംബെറിഞ്ഞതിനു ശേഷമാണ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ ആദ്യ രാഷ്‌ട്രീയ കൊലപാതക്കേസ്സാണ് മനോജ് വധം.
കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് അരുംകൊലനടന്നതെന്നതിന്റെ ശക്തമായ തെളിവായി സമൂഹമാദ്ധ്യമങ്ങളിൽ പാർട്ടി നേതാക്കളുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. കാത്തിരുന്ന വാർത്തയെന്ന് ജയരാജന്റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരായി.
ക്രൈംബ്രാഞ്ച് എ ഡി ജി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ കേസന്വേഷത്തിൽ ഒന്നാം പ്രതി വിക്രമൻ കണ്ണൂർ കോടതിയിൽ കീഴടങ്ങി. കേരളാ പോലീസിലെ അമിത രാഷ്‌ട്രീയത്തെക്കുറിച്ച് കേന്ദ്രസർക്കാറിലടക്കം പരാതി പോയതോടെ കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാരി?dന് ഉത്തരവിറക്കേണ്ടിവന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കതിരൂർ മനോജിന്റെ വീട് സന്ദർശിച്ചതിന്റെ പിന്നാലെ കതിരൂർ മനോജ് വധം സി ബി ഐ ക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവന്നു. 2015 മാർച്ച് 7ന് കൊലയാളികളടക്കം പത്തൊൻപത് പേരെ പ്രതി ചേർത്ത് ആദ്യ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.പി.എം നേതാവ് പി ജയരാജനെ സി ബി ഐ ചോദ്യം ചെയ്തു .
കേസിൽ പ്രതിയാകുമെന്ന് ഭയന്ന് തലശേരി സെഷൻസ് കോടതിയിൽ പി. ജയരാജൻ നൽകിയ ഹർജി ജൂലായ് 24ന് കോടതി തളളി. മനോജിന്റേത് ക്രൂരമായ കൊലപാതകമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്. ജയരാജനെതിരേ യുഎപിഎ ചുമത്തിയതും കോടതി ശരിവെച്ചു. കേസിൽ പി ജയരാജനെ ഇരുപത്തഞ്ചാം പ്രതിയാക്കി സി ബി ഐ കോടതിയിൽ റിപ്പോർട്ട് നൽകി. 2016 ഫെബ്രുവരി 12ന് പി ജയരാജൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കീഴടങ്ങി.
Comments