മുംബൈ: സിനിമ നിർമ്മാണ കമ്പനിയിൽ അവസരം തേടിച്ചെന്നപ്പോൾ ജ്യൂസിൽ ലഹരിമരുന്ന് കലർത്തി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തെന്ന ആരോപണവുമായി മുൻ മിസ്ഇന്ത്യയും മോഡലുമായ പാരി പാസ്വാൻ. നിർമ്മാണ കമ്പനിയുടെ പേര് ഇവർ വെളിപ്പെടുത്തിയിട്ടില്ല. തന്റെ പരാതിയിന്മേൽ പോലീസ് കേസ് അന്വേഷിക്കുകയാണെന്നും ഇവർ പറഞ്ഞു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചുവരുത്തി വഞ്ചിച്ച് നീലച്ചിത്രമെടുക്കുകയും, ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന സംഘങ്ങൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. ഞാനും ഒരു ഇരയാണ്- പാരി പറഞ്ഞു. അടുത്തിടെ ഭർത്താവ് നീരജ് പാസ്വാനുമായുള്ള തർക്കങ്ങളെ തുടർന്ന് പാരി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇവർ നൽകിയ സ്ത്രീധന പീഡന പരാതിയിൽ നീരജ് ജയിലിലാണ്.
നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റുമായി പാരിക്ക് ബന്ധമുണ്ടെന്നും, പെൺകുട്ടികളെ വലയിൽ വീഴ്ത്തുകയാണ് പാരിയുടെ ജോലിയെന്നും ഭർത്തൃവീട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ സ്ത്രീധനം നൽകാത്തതിനാലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ജാർഖണ്ഡിലെ കത്രാസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.
Comments