ന്യൂഡൽഹി : കേരളത്തിൽ കൊറോണ വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. രോഗികളുടെ എണ്ണം കുറയാൻ മെച്ചപ്പെട്ട ലോക്ഡൗൺ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കൊറോണ കേസുകൾ രജിസ്റ്റർ ചെയ്യുന്ന കേരളം കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.
കേരളത്തിൽ പ്രതിദിനം 30,000 ത്തിൽ അധികം രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയൽ സംസ്ഥാനങ്ങളെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിദിന കൊറോണ കേസുകൾ കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സമർത്ഥവും തന്ത്രപരവുമായ ലോക്ഡൗണിന് ഊന്നൽ നൽകേണ്ടതുണ്ട്. ജില്ലാതലത്തിൽ മാത്രമല്ല രോഗബാധയുള്ള പ്രദേശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികൾ കൈക്കൊള്ളുകയും വേണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥർ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് നിർദ്ദേശിച്ചു.
കണ്ടെയിൻമെന്റ് സോണുകളിൽ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കുകയും വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും ചെയ്യണം. സംസ്ഥാനത്ത് പ്രതിവാര കൊറോണ പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിനും 19 ശതമാനത്തിനുമിടയിൽ തുടരുകയാണ്. ഇത് അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
Comments