കാബൂൾ : സർക്കാരിന്റെ ഉന്നത പദവിയിലോ , മന്ത്രിസഭയിലോ സ്ത്രീകളെ നിയമിക്കില്ലെന്ന് താലിബാൻ സഹസ്ഥാപകനും മുതിർന്ന ഉപനേതാവുമായ മുല്ല ബരാദർ . സർക്കാരിന്റെ താഴേ തലങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് ജോലി നൽകൂവെന്നും ബരാദർ പറഞ്ഞു . ശരീഅത്ത് നിയമപ്രകാരം സ്ത്രീകളുടെ എല്ലാ അവകാശങ്ങളും മാനിക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് സ്ത്രീകളെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കില്ലെന്ന് താലിബാന്റെ ഉന്നത നേതാവ് തന്നെ വ്യക്തമാക്കിയിരിക്കുന്നത് .
അതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ ശരീഅത്ത് നിയമമനുസരിച്ച് വിദ്യാഭ്യാസം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് അബ്ദുൽബഖി ഹഖാനി പ്രഖ്യാപിച്ചു. പെൺകുട്ടികളെ പഠിപ്പിക്കാൻ പുരുഷ അധ്യാപകരെ അനുവദിക്കില്ലെന്നും അബ്ദുൾബഖി ഹഖാനി പറഞ്ഞു .
എന്നാൽ താലിബാന്റെ ഈ നീക്കം പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നഷ്ടപ്പെടുത്തുമെന്ന് അഫ്ഗാൻ മാദ്ധ്യമപ്രവർത്തകൻ ബഷീർ അഹമ്മദ് ഗ്വാക്ക് പറഞ്ഞു. കാരണം സർവകലാശാലകൾക്ക് ഇത്തരത്തിൽ പ്രത്യേകം അധ്യാപകരെ നിയമിക്കുന്നതിന്റെ ചെലവ് വഹിക്കാനാകില്ല . മാത്രമല്ല പെൺകുട്ടികളെ പഠിപ്പിക്കാൻ മതിയായ അധ്യാപകരും കോളേജുകളിൽ ഉണ്ടാവില്ല .
അതേ സമയം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇപ്പോഴും തങ്ങൾ ജോലി തുടരുന്നതായി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments